പിശാച് ഉയര്‍ത്തുന്ന വെല്ലുവിളികള്‍

ഒരുപക്ഷേ നിങ്ങളിൽ പലരും സമൂഹ മാധ്യമങ്ങളിൽ ആ വാർത്ത വായിച്ചു കാണും;
കൊമ്പനാനയുടെ മുമ്പിൽ നിന്നും സെൽഫിയെടുത്ത യുവാവിൻ്റെ കഥ.
കുറച്ചു യുവാക്കൾ ചേർന്ന് നടത്തിയ പന്തയമായിരുന്നു അത്.
ആനയ്ക്കരികിൽ പോകാൻ പലരും മടിച്ചപ്പോൾ മദ്യലഹരിയിൽ, ഒരു യുവാവ് അതിന് തയ്യാറായി.
കണ്ട് നിന്നവരിൽ പലരും പോകരുതെന്ന് ആവർത്തിച്ചിട്ടും
അവരുടെ വാക്കുകൾ അവഗണിച്ച് അവൻ ആനയ്ക്കരികിലേക്ക് നീങ്ങി.
കാഴ്ചക്കാർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തികൊണ്ടിരുന്നു.
സെൽഫിയെടുക്കുന്നതിനിടയിൽ ആന അയാളെ എടുത്തെറിഞ്ഞു.
അടുത്തുള്ള മരചുവട്ടിൽ ശിരസുകുത്തി അയാൾ നിലംപതിച്ചു.
“ഇതിൻ്റെ വല്ല കാര്യവുമുണ്ടായിരുന്നോ” എന്ന് കണ്ടു നിന്നവർ ആക്ഷേപിക്കുന്നുമുണ്ടായിരുന്നു.
അതെ, നമ്മുടെ മനസിലും അതേ ചോദ്യം
തന്നെയാണ് ഉയരുക; ഇതിൻ്റെ വല്ല കാര്യവുമുണ്ടായിരുന്നോ?
ജീവിതത്തിൽ പലതരം വെല്ലുവിളികൾ അഭിമുഖീകരിക്കുന്നവരാണ് നമ്മൾ.
പലപ്പോഴും വെല്ലുവിളികൾക്ക് ചെവികൊടുത്ത് നിപതിച്ചിട്ടുമുണ്ട്.
ക്രിസ്തുവിനു മുമ്പിലും പിശാച് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.
കല്ലുകളെ അപ്പമാക്കുക, ദൈവാലയത്തിൻ്റെ ഉച്ചിയിൽ നിന്നും
താഴേക്കു ചാടുക , സാത്താനെ സാഷ്ടാംഗം പ്രണമിക്കുക (മത്തായി 4:1-11).
ഇവയൊന്നും ക്രിസ്തു സാത്താനുവേണ്ടി ചെയ്തില്ല.
എന്നിട്ടും അവൻ ക്രിസ്തു തന്നെ!
നമ്മൾ ആരോ ആണെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുക
എന്നതാണ് സാത്താൻ്റെ വെല്ലുവിളികളുടെ അന്തസത്ത.
നമ്മൾ ആരുമല്ലെന്ന് തിരിച്ചറിയുമ്പോഴെ
നമ്മിലെ ദൈവത്വം പുറത്തു വരൂ. അതിലേക്കുള്ള ക്ഷണമാകട്ടെ
നോമ്പിൻ്റെ ദിനങ്ങൾ.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.