സഖറിയായുടെ സംശയവും മാതാവിന്റെ ചോദ്യവും

~ അഭിലാഷ് ഫ്രേസര്‍ ~

 

ലൂക്കായുടെ സുവിശേഷത്തിന്റെ ആദ്യത്തെ അധ്യായത്തില്‍ നാം രണ്ടു സംഭവങ്ങള്‍ കാണുന്നു. രണ്ടു വ്യത്യസ്ഥ വ്യക്തികള്‍ക്ക് ഒരേ ദൈവദൂതന്‍ പ്രത്യക്ഷപ്പെടുന്നു. ഒരാള്‍ ഒരു പുരോഹിതന്‍. മറ്റേയാള്‍ സാധാരണക്കാരിയായ ഒരു കന്യക. രണ്ടു പേരോടും ദൂതന്‍ പറയുന്ന കാര്യം ജനനത്തെ കുറിച്ചാണ്. രണ്ടു പേര്‍ക്കും ഓരോ കുട്ടി ജനിക്കും. മാനുഷികമായ രീതിയില്‍ നോക്കിയാല്‍ അത് രണ്ടും അത്ര സ്വാഭാവികമായ രീതിയുള്ള ജനനങ്ങളല്ല. രണ്ടു പേരും സംശയിച്ചു. രണ്ടു പേരും ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ ഒരാളെ മാലാഖ ശപിക്കുകയും മറ്റേയാളോട് കുറച്ചു കൂടി അനുഭാവം കാണിച്ച് അനുഗ്രഹിക്കുകയും ചെയ്തു. എന്തു കൊണ്ടാണ് ദൈവദൂതന്‍ അഥവാ ആ ദൂതന്‍ വഴി ദൈവം രണ്ടു പേരോട് രണ്ടു വിധത്തില്‍ പെരുമാറിയത്? ദൈവം പക്ഷഭേദം കാണിച്ചോ?

രണ്ട് സാഹചര്യങ്ങളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ദൈവദൂതനായ ഗബ്രിയേല്‍ പ്രത്യക്ഷപ്പെടുന്നത് സഖറിയാ എന്ന പുരോഹിതന്റെ മുന്നിലാണ്. അബിയായുടെ ഗണത്തില്‍ പെട്ട ഒരു പുരോഹിതനായിരുന്നു അദ്ദേഹം. സ്വാഭാവികമായും വി. ഗ്രന്ഥങ്ങളിലും ദൈവത്തിന്റെ നിയമങ്ങളിലും ഗാഢമായ അറിവുള്ള ആളായിരിക്കണം ഈ പുരോഹിതന്‍. പോരാത്തതിന് വാര്‍ദ്ധക്യത്തിലെത്തിയ അദ്ദേഹത്തിന് നല്ല അനുഭവജ്ഞാനവും ഉണ്ടായിരിക്കണം.

സഖറിയായോട് ദൈവദൂതന്‍ പറയുന്ന വാഗ്ദാനം അസാധ്യമായ ഒരു കാര്യമല്ല എന്ന് ഇവിടെ ഓര്‍ക്കണം. വൃദ്ധരായ നിങ്ങള്‍ക്ക് – സഖറിയായ്ക്കും എലിസബത്തിനും – ഒരു സന്താനം പിറക്കാന്‍ പോകുന്നു എന്നാണ്. വൃദ്ധര്‍ക്ക് സന്താനങ്ങള്‍ പിറക്കുന്നത് അസാധ്യമായ കാര്യമൊന്നുമല്ല. വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുള്ള പുരോഹിതനായ സഖറിയാ അബ്രാഹത്തിന്റെ ഭാര്യയായ സാറായിയുടെ കഥ വായിച്ചിട്ടുണ്ടാകണം. സാമുവേല്‍ പ്രവാചകന്റെ അമ്മയായ ഹന്നായുടെ കഥ വായിച്ചിട്ടുണ്ടാകണം… വൃദ്ധകളും വന്ധ്യകളും കര്‍ത്താവിന്റെ അനുഗ്രഹത്താല്‍ ഗര്‍ഭം ധരിക്കുന്ന നിരവധി സംഭവങ്ങള്‍ നാം ബൈബിളില്‍ വായിക്കുന്നുണ്ട്. തീര്‍ച്ചായായും സഖറിയായ്ക്ക് അതെല്ലാം അറിവുണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ സഖറിയായുടെ സംശയം വിശ്വാസത്തിന്റെ പ്രശ്‌നമാണ്. തനിക്കു മുമ്പേ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട് എന്ന അറിവുണ്ടായിട്ടും സഖറിയാ സംശയിക്കുകയും ദൂതനോട് ചോദിക്കുകയും ചെയ്യുന്നു. അതാണ് അയാള്‍ ദൈവദൂതന്റെ അപ്രീതിക്ക് പാത്രമായതും ശിക്ഷയായി മൗനിയായി പോയതും.

ഇനി നമുക്ക് രണ്ടാമത്തെ സംഭവം നോക്കാം. അത് നസ്രത്തിലെ ഒരു സാധാരണക്കാരിയും കൗമാരക്കാരിയുമായ പെണ്‍കിടാവാണ്. മറിയം എന്നാണ് അവളുടെ പേര്. അവള്‍ക്ക് ഒരു പുരോഹിതന്റെ അറിവോ അനുഭവ ജ്ഞാനമോ ഇല്ല. എങ്കിലും അവളുടെ ശ്രദ്ധയോടെ ബൈബിള്‍ വായിച്ചു പഠിച്ചിട്ടുണ്ട്. വിവാഹം കഴിച്ചിട്ടില്ലാത്ത, വിവാഹം ചെയ്യാന്‍ പദ്ധതിയില്ലാത്ത മറിയത്തോടാണ് ദൈവദൂതന്‍ നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്നു പറയുന്നത്. ഭൂമി ഉണ്ടായതിന് ശേഷം ഇന്നോളം ആരും കേട്ടിട്ടില്ല, പുരുഷന്റെ സഹായമില്ലാതെയും പുരുഷബീജമില്ലാതെയും ഒരു സ്ത്രീ ഗര്‍ഭം ധരിക്കുമെന്ന്. അങ്ങനെയൊന്ന് പഴയ നിയമത്തില്‍ എങ്ങുമില്ല. അതുവരെയുള്ള മനുഷ്യചരിത്രത്തിലുമില്ല. മാനുഷികമായ കാഴ്ചപ്പാടില്‍ അത് അസാധ്യമായ ഒരു കാര്യമാണ്. അത് മനസ്സിലാക്കാന്‍ കൗമാരക്കാരിയായ ഒരു പെണ്‍കിടാവിനെന്നല്ല, പ്രായം ചെന്നവര്‍ക്കു പോലും സാധ്യമല്ല. തനിക്ക് മനസ്സിലാകാത്ത കാര്യം വളരെ നിഷ്‌കളങ്കതയോടെയും ധീരതയോടെയും മറിയം ദൂതനോട് ചോദിക്കുന്നു. മറിയത്തിന്റെ ചോദ്യം തികച്ചും ന്യായമാണെന്ന് ഗബ്രിയേല്‍ ദൂതന് അറിയാം. മറിയത്തിന്റെ ചോദ്യത്തില്‍ അവിശ്വാസം തീരെയില്ല എന്ന് ദൂതന്‍ മനസ്സിലാക്കി. അതിനാലാണ് ദൂതന്‍ മറിയത്തിന്റെ ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്‍കുകയും എങ്ങനെ അത് സംഭവിക്കും എന്ന് വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നത്.

പുറമേ കാണുമ്പോള്‍ ഒരേ തരം പ്രവര്‍ത്തിയാണ് എന്നു തോന്നുമെങ്കിലും ഹൃദയം അറിയുന്ന ദൈവം നമ്മുടെ ആന്തരികതയെ അളന്നു തൂക്കി പരിശോധിക്കുന്നു. നമ്മള്‍ ഹൃദയത്തില്‍ നിഷ്‌കളങ്കരാണോ അല്ലയോ എന്ന് ദൈവത്തിന് അറിയാം. നേരായ മാനസത്തോടയുള്ള ചോദ്യങ്ങള്‍ ദൈവം സത്യമായും ഉത്തരം നല്‍കും. ദൈവം ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ നമുക്ക് വിശ്വാസിക്കാനുള്ള കാരണങ്ങള്‍ അവിടുന്ന് തന്നെ വി. ഗ്രന്ഥത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അത് നാം വായിക്കുമെങ്കില്‍ നമ്മുടെ ഉള്ളില്‍ വെളിച്ചം പരക്കും. അനുഭവങ്ങളുടെ വെളിച്ചത്തിലും നമ്മുടെ ധാരണകളെയും അറിവിനെയും സമ്പന്നമാക്കാനും ഉള്ളില്‍ ബോധ്യങ്ങളുടെ വെളിച്ചം നിറയ്ക്കാനും നമുക്ക് കടമയുണ്ട്. ദൈവം നമ്മുടെ ഉളളം പ്രകാശമാനമാക്കട്ടെ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles